2011, നവംബർ 30, ബുധനാഴ്‌ച

നിശ്ശബ്ദ സ്വാതന്ത്ര്യം

ഞാനൊരു മയക്കത്തിലാണ് ,
സുഖമുള്ള ഒരു മയക്കത്തില്‍,
ഇവിടെ  സ്വപ്നങ്ങള്‍പറന്നു നടക്കുകയാണ്
വായന ഇല്ല , എഴുത്തും ..
എന്റെതായ ലോകത്തില്‍ പറന്നു നടക്കുകയാണ് ..
എനിക്ക് നഷ്‌ടമായ എന്റെ ഹൃദയത്തിന്റെ സന്തോഷത്തെ ,
നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ച്‌...
വിട്ടുകളയാന്‍ മനസ്സില്ലാതെ ,
കെട്ടുപാടുകളുടെ നോവില്ലാതെ , ബന്ധനങ്ങള്‍ ഇല്ലാതെ ,
ആരെയും അറിയിക്കാതെ ആരും അറിയാതെ ,
നെഞ്ചിന്റെ ഉള്ളിലെ ,- ഓര്‍ക്കുമ്പോള്‍ ഒരു നീറ്റലായി -
ഞാന്‍ ആടിതിമിര്‍ക്കുകയാണ്
എന്നോ കൈവിട്ടുപോയ എന്റെ പ്രണയത്തെ ,
കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ചു -നെഞ്ചിലേക്ക് ചേര്‍ത്ത് വച്ച് ....
മയങ്ങട്ടെ ഞാന്‍ ഈ ഇത്തിരിപ്പോന്ന നിശ്ശബ്ദ സ്വാതന്ത്ര്യത്തില്‍ ..

2011, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

കൂകി പായും തീവണ്ടി............

                          സംഭവബഹുലമായി തുടങ്ങിയ യാത്ര ഇനി ഉഡുപ്പി വരെ....
                          ഒരു തീര്ത്ഥ യാത്രയിലെ സുദീര്‍ഘ നിമിഷങ്ങളുടെആരംഭം.. 

യാത്ര തുടങ്ങിയപ്പോളുണ്ടായ  അലച്ചിലുകളും മറ്റും ഒഴിവായി ഓരോത്തിടതായി എല്ലാവരും സെറ്റില്‍ ആയിരുന്നു.
കുറച്ചു കുശുമ്പും കുന്നായ്മയും -വീട്ടുകാരുടേം നാട്ടുകാരുടേം ;കഴിഞ്ഞു ,അര മണിക്കൂറില്‍-വര്‍ത്തമാനങ്ങള്‍.....

                   ..... പതിയെ മയക്കത്തിലേക്കു ട്രെയിനിന്റെ താളത്തില്‍ ..
      കുട്ടികള്‍  കാഴ്ചകള്‍ കുറെ നേരം കണ്ടിരുന്നു .കാണാന്‍ എന്താണുള്ളത് ? ഒഴിഞ്ഞ കംബാര്‍ട്ട് മെന്റ്,പുറം കാഴ്ചകളില്‍ വെള്ള ഒറ്റക്കാലന്‍ കൊറ്റിയും കാക്കകളും അയവെട്ടി ക്കൊണ്ടിരിക്കുന്ന നാല്‍ക്കാലികളും ,പിന്നെ റെയില്‍വേ ഗേറ്റിനു ഇരുപുറവും അക്ഷമരായി ഗേറ്റ് തുറക്കാന്‍ കാത്തു  നില്‍ക്കുന്നവര്‍ .ചതുപ്പുകളില്‍ മഞ്ഞിച്ചു നില്‍ക്കുന്ന തെങ്ങുകളും കമുകുകളും. കമ്പാര്‍ട്ട് മെന്റിനുള്ളില്‍ കൂടി കയറി ഇറങ്ങി ഓര്‍ഡര്‍ വാങ്ങുന്ന കാറ്റെറിംഗ് സര്‍വീസുകാര്‍.. .        
 

       ബസ്സ്‌ യാത്രയുടെ ചില ആനന്ദങ്ങള്‍  ട്രെയിന്‍ യാത്രക്ക് കിട്ടില്ലല്ലോ ,മാറി മാറി വരുന്ന ആളുകള്‍,സംസ്കാരം......വിരസമാണ് ട്രെയിന്‍ യാത്ര ,ചിലപ്പോള്‍ ഒരു ലോകമാണ് കൂടെ ഉള്ളതെങ്കിലും ആരും ഇല്ലാത്തപോലെ.....!!!!!
            

     നീണ്ടമണിക്കൂറുകള്‍  വെറുതെ കളയാന്‍ മനസ്സ്  സമ്മതിപ്പിച്ചില്ല.ഒന്ന് രണ്ടു പുസ്തകങ്ങള്‍ എടുത്തിരുന്നു .ആള്‍ക്കൂട്ടവും ഉണ്ട് കൂട്ടത്തില്‍ ,കൈയില്‍ കിട്ടിയിട്ട് കുറെ നാളായെങ്കിലും  വായിക്കാന്‍ എടുക്കുമ്പോള്‍ ഒന്ന് രണ്ടു പേജില്‍ മാത്രം വായന ഒതുക്കി പലപ്പോഴായി മടക്കി വക്കപ്പെട്ട പുസ്തകം  ഈ യാത്രയിലെന്കിലും വായിച്ചു തീര്‍ക്കണം എന്ന ആഗ്രഹത്തോടെ എടുത്തിട്ടുണ്ട് .സ്റ്റേഷനിലെ  ബുക്സ്സ്റ്റാളില്‍ മാഗസിനുകള്‍ അല്ലാതെ മറ്റൊന്നും കാര്യമായി ഉണ്ടായിരുന്നില്ലല്ലോ !!
       

              പറഞ്ഞുകെട്ടതും വായിച്ചറിഞ്ഞതുമായ അനുഭവങ്ങള്‍ ഈ ട്രെയിന്‍ യാത്രയില്‍ അനുഭവിക്കാന്‍ കിട്ടുമോ എന്ന ഒരു ഉത്ഘണ്ട മനസ്സിനുണ്ടായിരുന്നു.ഫേസ് ബുക്കില്‍ ആരുടെയോ പേജില്‍ വായിക്കാനിടയായ ,മുച്ചിറി ഉള്ള പെണ്‍കുട്ടിയെയും അടിവസ്ത്രം ഒളിപ്പിച്ച വീര്‍ത്ത പോകെറ്റുമായി  ടോയ് ലെറ്റില്‍ നിന്ന് ഇറങ്ങി വരുന്ന ചെറുപ്പക്കാരനേം കാണാന്‍ കഴിയുമോ ?കണ്ണുകള്‍ ഓരോ സ്റ്റേ ഷനിലും പരതിക്കൊണ്ടിരുന്നു .

                      ചാലക്കുടി അടുക്കാറായ പ്പോളാണ് ഒരു കെട്ട് പുസ്തകവുമായി അയാള്‍ വന്നത് ,തിരക്ക് ഇല്ലാത്ത ഞങ്ങടെ കാബിനില്‍ അയാള്‍ പുസ്തകം വച്ചു,എല്ലാം മലയാള പുസ്തകങ്ങള്‍ .പുസ്തകങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവയാണ്.കുറെ നാളായി പുസ്തകങ്ങളോടും അക്ഷരങ്ങളോടും ഉള്ള തൊട്ടു കൂടായ്മ മാറിക്കൊണ്ടിരിക്കുന്ന സമയവും .ആര്‍ത്തിയോടെ തിരഞ്ഞ പുസ്തകക്കൂട്ടത്തില്‍ ഞാന്‍ വളരെ നാളായി തിരഞ്ഞു കൊണ്ടിരിക്കുന്ന  ആടുജീവിതം .  4 എണ്ണം തിരഞ്ഞെടുത്തു  അമ്മയുടെ കണ്ണില്‍ വെറുതെ എന്തിനാ പൈസ കളയുന്നതെന്ന ഭാവം .ഞാന്‍ അദ്ദേഹത്തിനോട് കണ്ണുകൊണ്ട് പ്ളീസ്‌ എന്നും ...ഒരെണ്ണം എടുത്തോ.. ,കിട്ടിയ ഔദാര്യത്തില്‍ ആടുജീവിതം തന്നെ തിരഞ്ഞെടുത്തു .  പുസ്തകങ്ങള്‍ കണ്ടാല്‍ ഇവള്‍ക്ക്  ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കപ്പഴം കാണുന്നപോലാ ണെന്നും ,വെറുതെ 'ഷോ' ക്ക് വക്കാന്‍ അല്ലെ എന്നും മറ്റുമുള്ള പഴേ ഡയലോഗ്  ഞാന്‍ ഓര്‍ത്തു ,പിന്നെ സൌകര്യ പൂര്‍വ്വം വിസ്മരിച്ചു.  


       എല്ലാവരും ട്രെയിനിന്‍റെ താരാട്ടില്‍ താളം പിടിച്ചു മയങ്ങുന്നു ,ഞാന്‍ എന്റെ വായനയുടെ ലോകത്തേക്കും.... ,നജീബിന്റെ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന അനുഭവങ്ങളും വേപഥുക്കളും  ആവലാതികളും ഉണര്‍വുകളും അവയില്‍ കൂടൊക്കെ ഞാനും   ആകാംക്ഷയോടെയും നൊമ്പരപ്പെട്ടും കണ്‍നിറച്ചും....  നജീബിന്റെ  നബീലും ,അവന്റെ ചോര പുരണ്ട പുരുഷത്വവും ...
     'ഒരു ഏകാന്ത ജീവിയെ സംബന്ധിച്ചിടത്തോളം  സമയം കാലം എന്നിവയൊക്കെ വെറും സങ്കല്‍പങ്ങള്‍ മാത്രം' --നജീബിലൂടെ ബെന്യാമിന്റെ വാക്കുകള്‍ ..


        കുറച്ചേ ചിത്രത്തില്‍  ഉള്ളെങ്കില്‍ കൂടിയും ഹക്കീമും ഹൃദയതിനേം നൊമ്പരപ്പെടുത്തി ,ഒരു വിങ്ങലായി അവന്റെ വേര്‍പാട്‌ - ദുരന്തം..കണ്മുന്നില്‍ കണ്ടപോലെ .. 
 

തലയാട്ടി തലയാട്ടി സംഘം സംഘമായി മുന്നേറുന്ന പാമ്പുകളുടെ സൈന്യത്തിന്റെ പടപ്പുറപ്പാടില്‍ നിന്നും നജീബും കൂട്ടരും രക്ഷപ്പെട്ടപ്പോള്‍ ,അത് വായിച്ചു, രക്ഷപെടലിന്റെ ആ കണികയിലെത്തുന്നത് വരെ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു . എന്റെയും ദേഹം ചുട്ടുപൊള്ളുന്ന പോലെയും ,തിണര്‍ത്ത  പാടുകള്‍ അവിടവിടെ കാണുന്നുണ്ടോ എന്ന സംശയവും.... .
 

                    കേരള അതിര്‍ത്തി തീരുന്നതിനു മുന്‍പേ ഒറ്റ ഇരുപ്പിനു വായിച്ചു തീര്‍ത്തു ആടുജീവിതം.സാധാരണ ഗള്‍ഫ്‌ കഥ---പ്രവസത്തിന്റെം നൊസ്റ്റാള്‍ജിയ മണക്കുന്ന ഒരു സ്ഥിരം കഥപറച്ചില്‍ -- പ്രതീക്ഷിച്ചു ,വയനതുടങ്ങിയ ഞാന്‍ ,മറ്റൊരു ലോകത്തിലേക്ക്‌ .. മറ്റൊരു മനസ്സിലേക്ക് .. അനുഭവത്തിലേക്ക്  എറിയപ്പെടുകയായിരുന്നു. എഴുത്ത് കാരന്‍ പറയുന്ന പോലെ ഒരു പരകായപ്രവേശം, നജീബും ബെന്യമിനും ഒന്നാകുന്നുവെന്നു .അതുപോലെ എഴുത്തുകാരന് തന്റെ ഓരോ വായനക്കാരെയും വായനയിലൂടെ ആ പരകായപ്രവേശം സാധ്യമാക്കാന്‍ കഴിയുന്നുണ്ട് ..
          നജീബിന്റെ മാനസിക വ്യഥകളിലൂടെ ഒരു സഞ്ചാരം .....നജീബ് കുഞ്ഞിക്കയുടെ മുന്നില്‍ എത്തപ്പെട്ടതിനു ശേഷം  അവസാന താളുകളില്‍ ആകാംക്ഷയുടെ ഉദ്വേഗത്തിന്റെയും  ചരട് എരിഞ്ഞുതീര്‍ന്നിരുന്നു..
     നജീബിന്റെ രക്ഷകന്‍ ,മരുഭൂമിയിലെ വിമോചകന്‍ ഇബ്രാഹിം ഖാദിരി,സ്വര്‍ഗത്തിന്റെ വാതില്‍ കാട്ടിക്കൊടുത്തിട്ട് എവിടേക്കാണ് നിഷ്കാസിതനായതു?അതെ എവിടെക്കവും അയാള്‍ പോയത്??...ഇനിയും തന്റെ പരിരക്ഷ നജീബിന് ആവശ്യമില്ല എന്ന് കരുതി കാണുമോ?.....ആകുലതകള്‍ മനസ്സിലിട്ടു കുറെ നേരം ......

        .....മയ്യഴി യിലെത്തിയപ്പോള്‍ അവിടുത്തെ സ്വന്തം കഥാ കാരനെയും ഓര്‍ത്തു, ...

      അവിടെ എവിടെയോ കരിങ്കല്‍ കെട്ടിന്റെ മറവില്‍ ഒരു ഒറ്റക്കൈയ്യന്റെ നിഴലു കണ്ടുവോ?അബോധത്തിലും അമ്മെ എന്നൊരു വിളി കേട്ടുവോ?......മുകളിലെ ബെര്‍ത്തില്‍ മയങ്ങുന്ന കുട്ടികളിലേക്ക് വെറുതെ കണ്ണ് തേടിച്ചെന്നു ...ആശങ്കയോടെ......
   

                       ചുമന്ന വെള്ളക്കെട്ടിലെ വിശാലമായ കണ്ടല്‍ക്കാടുകള്‍....
          

                    ഇതിനിടയില്‍ ആരൊക്കെയോ വരുകയും പോവുകയും ചെയ്തിരുന്നു.ഒരു മുഖവും തങ്ങി നിന്നില്ല മനസ്സില്‍..ഉഡുപ്പി എത്തുന്നതിനു രണ്ടു സ്റ്റേഷന്‍മുന്നേ ലഗ്ഗേജ് എടുത്തു ഞങ്ങള്‍ ഇറങ്ങാന്‍ തയ്യാറായി.സ്റ്റേഷനില്‍ ഇറങ്ങുന്നതിനു മുന്‍പ്‌ ഒന്ന് തിരിഞ്ഞു നോക്കി ,യാത്രാമൊഴി ആയി ചുണ്ട് ഒന്ന് വക്രിച്ചു കാണിക്കുവാന്‍  പോലും  ആരും ഉണ്ടായിരുന്നില്ല ... കത്തി തീര്‍ന്ന മണിക്കൂറുകള്‍ അല്ലാതെ ....
                             


                       ....ഉഡുപ്പിയില്‍ ഇന്ന്,നാളെ അതിരാവിലെ അമ്മയുടെ സവിധത്തിലേക്ക് ....






2011, ജൂലൈ 29, വെള്ളിയാഴ്‌ച

കുച്ചു കുച്ചു .....തീവണ്ടി ......

വളരെ നാളുകള്‍ക്ക് ശേഷം ഒരു ട്രെയിന്‍ യാത്ര ചെയ്യുന്ന ത്രില്ലില്‍ ആയിരുന്നു ഞാന്‍. കുട്ടികള്‍ക്ക് ആദ്യത്തെ ട്രെയിന്‍ യാത്രയും .

                    എന്ന് പറഞ്ഞാല്‍ ഒരു പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ വേണമെങ്കില്‍ ഒരു അഞ്ചു വര്ഷം കൂടെ കുറയ്ക്കാം .ഇതിനു മുന്പ് പോയത് പ്രീഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്നപ്പോള്‍. അപ്പോള്‍ നിങ്ങള്‍ പ്രീഡിഗ്രി  മാറ്റി പ്ലസ്‌ ടു ആക്കിയ വര്‍ഷം നോക്കാന്‍ പോകണമെന്നില്ല ഒരു ഫ്ലോ കിട്ടാന്‍ വേണ്ടി ഏതെങ്കിലും ഒരു വര്‍ഷം  പറഞ്ഞൂന്നേ ഉള്ളൂ.അപ്പോള്‍ ഒരു പ്രീഡിഗ്രീ ക്കാലത്തെ പാവാടക്കാരി,എല്ലാ ഞായറാഴ്ചയും കൊല്ലത്തേക്ക് വച്ച്ടിക്കും രാവിലെ ,എന്ട്രന്‍സ് കോച്ചിംഗിന്  .കുറെ ഗാങ്ങ്  കാണും ആണും പെണ്ണ് മായിട്ട് ." മുമ്പേ ഗമിക്കും ഗോവ് തന്റെ  പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം "ഒരെണ്ണം ചേര്‍ന്നേ ഉള്ളൂ പറഞ്ഞറിഞ്ഞു സയന്‍സ് ബാച്ചിലെ ഒരുമാതിരിപ്പെട്ട എല്ലാവരും ഉണ്ട് . രാവിലെ ഏഴു പത്തിന്റെ ട്രെയിന്‍,തിരിച്ചു  ഐലണ്ടിനു.പിന്നെ ഞായരിലേക്ക് ഉള്ള ഒരു നെടു നീളന്‍  കാത്തിരിപ്പ് .അവിടെ ക്ലാസ്സ്നു പോയവരില്‍ ആര്‍ക്കെങ്കിലും  അഡ്മിഷന്‍ കിട്ടിയോ എന്തോ?  അബദ്ധത്തില്‍ പോലും എനിക്ക് കിട്ടല്ലേന്നൊരു പ്രാര്‍ത്ഥന മാത്രമേ   ഉണ്ടയിരുന്നുള്ളൂ .
                          ട്രെയിന്‍ യാത്രയുടെ താല്പര്യം മാത്രമായിരുന്നില്ല .കുറെ അധികം നാളുകളായി കാരണമില്ലാതെ മാറ്റിവക്കപ്പെട്ട ഒരു മൂകാംബിക ട്രിപ്പ്‌ .ചുളിക്കയില്‍ ആയിരുന്നപ്പോഴും മുത്തപ്പനെയും കണ്ട്‌ ആ വഴി  വേണമെങ്കില്‍ പോകാമായിരുന്ന ,അകാരണമായി നീണ്ടു പോയ യാത്ര .തടസ്സങ്ങള്‍ക്ക് കണ്ടെത്തിയ കാരണം, മൂകാംബിക ദേവിക്ക്  ഞങ്ങളെ കാണാന്‍ ഉള്ള സമയം ആയിട്ടില്ല,എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് എന്നായിരുന്നു ,അതും  പറഞ്ഞു ഒരു ദീര്‍ഘ  ശ്വാസം വിടുകയായിരുന്നു പതിവ് .
                           പരിഭവങ്ങളുടെയും പരാതി കളുടെയും ഒരു നീണ്ട ലിസ്റ്റ് മനസ്സില്‍ നിറയെ ,വര്‍ഷങ്ങളായിഉള്ള ആവശ്യങ്ങള്‍,
എല്ലാം കൂടി എഴുതി ഹുണ്ടികയില്‍ ഇടണം.എന്തെങ്കിലും കലാപരമായി കഴിവുള്ളവരാണ് അവിടെ പോകുന്നത് എന്ന ഒരു മിഥ്യ  ധാരണ എനിക്കുണ്ടായിരുന്നു .ഞാനും ഒരു ബ്ലോഗ്ഗര്‍ ഒക്കെ ആയില്ലേ !! എന്ന് സ്വയം വിശ്വസിച്ചു .നാലാള്‍ അറിയുന്ന ഒരു ബ്ലോഗ്ഗര്‍ ആക്കി തരണേ ദേവ്യേ എന്നുള്ള പുതിയ ആവശ്യം കൂടെ അപ്പോള്‍ എഴുതി ചേര്‍ത്തു.                                                                                           
                     സ്വന്തമായി എ ടി എം കാര്‍ഡില്ലാത്ത ഞങ്ങള്‍ കണ്ടവന്റെ കാര്‍ഡില്‍ ഓണ്‍ ലൈനായി ടികെറ്റ് ബുക്ക്‌ ചെയ്തു ,സ്ലീപ്പേരില്‍ ,  കുറ്റം പറയരുതല്ലോ  എല്ലാവര്ക്കും മിഡില്‍ ബര്‍ത്ത് തന്നെ കിട്ടി .അങ്ങനെ ആ സുദിനം അഗതമാകുന്നു .നാട്ടിലേക്കു തലേന്ന് തന്നെ വച്ച് പിടിച്ചു .അവിടുന്നു അമ്മയും ഉണ്ട് .
  
                     ഏറണാകുളം സൌതീന്നാണ് ഞങ്ങള്‍ക്ക് കയറേണ്ടത് മംഗള എക്സ്പ്രസ്സ്‌  s1ഇല്‍ ആയിരുന്നു . സ്റ്റേഷനില്‍ എത്തിയ ഉടനെ എത്ര മണിക്കൂര്‍ ലേറ്റ് ആകും എന്നാണ് അന്വേഷിച്ചത് .എന്തോ ഇപ്പോള്‍ ട്രെയിനുകളെല്ലാം റൈറ്റ് ടൈം തന്നെ കലികാലവൈഭവം മനസ്സില്‍ ഓര്‍ത്തു.പത്തു പന്ത്രണ്ട് മണിക്കൂര്‍ വേസ്റ്റ് ആകാതിരിക്കാന്‍  ഒന്ന് രണ്ട പുസ്തകങ്ങള്‍ എടുത്തിരുന്നു
.എങ്കിലും ബുക്സ്റ്റാളില്‍ പോയി മാജിക്‌ പോട്ടും  ചമ്പക്കും  കുട്ടികള്‍ക്ക്.
                            രെസ്ടിങ്ങ് റൂമില്‍ ഞങ്ങളൊന്നു സെറ്റില്‍ ആയപ്പോഴേക്കും ട്രെയിന്‍ വന്നു നില്‍ക്കുന്ന പ്ലാറ്റ്ഫോം മറ്റു കാര്യങ്ങള്‍ എല്ലാം കൃത്യമായി കണ്ടുപിടിച് രുന്നു അദ്ദേഹം .കഷ്ടകാലത്തിനു ഞാന്‍ കാര്യങ്ങള്‍ ചോദിക്കുകയും അത് കേള്‍ക്കെണ്ട താമസം എന്നെ കൊണ്ട് പോയി വിശദമായി ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി പറഞ്ഞിരിക്കുന്ന പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കറക്റ്റ് ആയി നിന്നില്ലെങ്കില്‍ കംപ്ലൈന്റ്റ്‌ ‌ കൊടുക്കാമന്നും മറ്റും.  അളിയന്‍ റെയില്‍വേയില്‍ ചീഫ്‌ കണ്ട്രോളെര്‍  ആയതിന്റെ സന്തോഷം ഒരു  നീണ്ട കൊട്ടുവയിലൂടെ ഞാന്‍ അറിയിച്ചു .അമ്മ അപ്പോഴേക്കും,അടുത്തിരുന്ന കൊച്ചിനോട് വിശേഷങ്ങള്‍ അറിഞ്ഞും പറഞ്ഞും പരിചയത്തിലായി , ഞങ്ങടെ നാട്ടുകാരി ,മംഗലാപുരത്ത് നഴ്സിംഗ് പഠിക്കുന്നു ഒറ്റക്കെ ഉള്ളൂ ഞങ്ങള്‍ക്ക് പോകേണ്ട അതെ ട്രെയിനില്‍ ആണ് അതിനും പോകണ്ടത് .വണ്ടി വരുമ്പോ പറയാം എന്ന് അതിനെ ആശ്വസിപ്പിക്കുകയും ചെയ്തു,സ്ഥിരം ട്രെയിനില്‍ പോകുന്ന അതും ആണ്ടിനും ശങ്ക്രാന്തി ക്കും പോകുന്ന ഞങ്ങളും  !!
         അമ്മേ കിഴക്കൂന്നാണോ പടിഞ്ഞാറുന്നാണോ ട്രെയിന്‍ വരുന്നേ ,മോളാണ്  ,മോളിലോട്ട് നോക്കിയപ്പോള്‍ ദിക്കറി യാന്‍ ഒരു വഴീമില്ല മൂടിക്കിടക്കുകയാണ് ,തിര്വോന്തോരത്തൂന്നാ  എന്റെ അറിവ് പകര്‍ന്നു ,അത് വച്ച് അവള്‍  കണ്ടുപിടിക്കാന്‍ തുടങ്ങി .എവിടുന്നു?ഇനീം തിരുവനന്തപുരം എന്താ ഏതാന്നു ചോദ്യം ചോദിക്കാതിരുന്ന മതി ആയിരുന്നു ,ഞാന്‍ മനസ്സിലോര്‍ത്തു . 
           ഒന്ന് രണ്ട് ട്രെയിന്‍ ഞങ്ങള്‍ വന്നതിനു ശേഷം രണ്ടു സൈഡിലെ ക്കും  പോയി .ട്രെയിന്‍ നമ്പര്‍ ***** കൃപയാ ധ്യാന്‍ കീജിയേ ..അവസാനത്തെ ധ്യാന്‍ കീജിയേ മാത്രമേ ശരിക്ക് കേട്ടുള്ളൂ പതിനാലാം നമ്പര്‍ പ്ലാറ്റ് ഫോര്മില്‍ ആണെന്നറിയാം രണ്ടിടത് പതിനാലാം നമ്പര്‍ തൂങ്ങി കിടക്കുന്നുണ്ട് .നേരെ കണ്ടിടത് തന്നെ നിന്നു.പക്ഷെ അന്നൌന്‍സ് ചെയ്ത ട്രെയിനിന്റെ പേരും ഞങ്ങടെ കയിലുള്ള ടികെടിലെ ട്രെയിനിന്റെ പേരും എന്തോ ശരി ആകുന്നില്ല. നില്‍ക്കുന്നിടത്ത് നിന്ന് ഞങ്ങളാരും ഒരടി മാറിയില്ല  ഞങ്ങടെ ട്രെയിന്‍ വരന്‍ പോകുന്നെ ഉള്ളൂ എന്നായിരുന്നു മനസ്സില്‍ .അപ്പോളാണ് ആ നഴ്സിംഗ് കൊച്ചു ആന്റി  ഇത് തന്നാണ് ട്രെയിന്‍ എന്ന് വിളിച്ചു കൂവിയത്. ഹും എന്നെ ആണോ ആന്ടീന്നു ,ഹേ അമ്മയെ ആകും മനസ്സില്‍ അങ്ങനെ രണ്ടു വട്ടം പറഞ്ഞു., പിന്നെ ഓട്ടം തന്നെ s1 കണ്ടുപിടിക്കാനും പതിനാലാം നമ്പര്‍ പ്ലട്ഫോരം കണ്ടു പിടികാനും ,ഓടെടാ ഓട്ടം .ഓട്ടത്തിന്റെ ഇടയിലും  അമ്മെ നോക്കി പാവം എന്നേക്കാള്‍ സ്പീഡില്‍ ഓടുന്നുണ്ട്.പെണ്ണുങ്ങള്‍ ആയാല്‍ മെലിഞ്ഞിരിക്കണം എന്നാ ഭര്‍തൃ വാക്യം മനസ്സാ ഓര്‍ത്തു .ആവശ്യം വരുമ്പോള്‍ ബുദ്ധി ഉദിക്കില്ലാന്നു പണ്ടാരോണ്ട്  പറഞ്ഞിട്ടുള്ളതും വെറുതെ ഓര്‍മയില്‍ വന്നു .    അല്ലെങ്കില്‍ ഏതേലും ഒരു കംബാര്ട്ട്മെന്റില്‍  കയറി ഇരുന്നിരുന്നു പോയാ   പോരാരുന്നോ. ഇങ്ങനെ തേരാ പാര ആള്‍ക്കാരുടെ മുന്നില്‍ കിടന്നു ഓടേണമാരുന്നോ? ആകെ ചുക്കി ച്ചുണിഞ്ഞു,നാണക്കേട്‌ കൊണ്ട് . അവസാനം എത്തി . ഒന്നാം നമ്പര്‍ തുടങ്ങി  പതിനാലാം നമ്പര്‍ വരെ പ്ലട്ഫോമില്‍ കൂടെ ഓടി ഓടി s1 ല്‍ കേറി വിന്‍ഡോ സീറ്റ്‌ തന്നെ പിടിച്ചു .ആര്‍ക്കും അപ്പോള്‍ മിണ്ടാനേ പറ്റുന്നില്ല ,വിശപ്പും ദാഹവും കുട്ടികള്‍ക്കും ട്രെയിന്‍ വിടുന്നതിനു മുന്‍പേ തന്നെ പാര്‍സല്‍ തീര്‍ന്നു   .വണ്ടി വിട്ടു ക്ഷീണം ഒക്കെ മാറ്റി എല്ലാരും കഴിഞ്ഞ രസകരമായ നിമിഷങ്ങള്‍,അങ്ങനെ ചെയ്തെങ്കില്‍ ഇങ്ങനെ എന്നൊക്കെ പറഞ്ഞു  പങ്കു വച്ച് ,ടി ടി ആറിനെ നോക്കി ഇരുന്നു .പിന്നീടാണ് സീറ്റ്‌ നമ്പര്‍ കണ്ടു പിടിക്കാന്‍ പോയത് രണ്ടെണ്ണം അപ്പുറത്തെ കാബിനില്‍ ആണ്,സാരമില്ല ടി ടി അറിനോട് പറഞ്ഞു ശരി ആക്കാം  പകല്‍ ആയതോണ്ട് ആരും ഉറങ്ങില്ല എന്ന് സമാധാനവും കണ്ടു .കമ്പാര്‍ട്ട്മെന്റില്‍    ആരും ഉണ്ടായിരുന്നില്ല .ആ സന്തോഷത്തില്‍ ഉറക്കെ  വീട്ടുകാര്യമൊക്കെ പറഞ്ഞിരിക്കുമ്പോളാണ് ടി ടി ആര്‍ വന്നത് .എല്ലാം കാണിച്ചു ,അങ്ങോട്ട്‌ കയറി 47 ,48 സീറ്റ് അപ്പുറത്താണ് അഡ്ജസ്റ്റ് ചെയ്തോളാം എന്നൊക്കെ ഗമയില്‍ പറഞ്ഞപ്പോളാണ്  നിങ്ങള്‍ കയറിയിരിക്കുന്നത്  s10 ഇല്‍ ആണ്  s1 അല്ല എന്ന ടി ടി ആറിന്റെ    ചങ്ക് പിളര്തുന്ന വാചകം കേട്ടത് .  അപ്പോളാണ് രണ്ടു പതിനാലാം നമ്പര്‍ തൂങ്ങി കിടന്നതിന്റെ സാംഗത്യം പിടികിട്ടിയത് .ഞങ്ങള്‍ ആദ്യം നിന്നിടത് തന്നെ ആയിരുന്നു കയറണ്ട കമ്പാര്‍ട്ട്മെന്റ് .ടെന്‍ഷന്‍ ന്റെ ഇടയില്‍ s10ന്റെ പൂജ്യം കണ്ടില്ല . ഇനീ ആദ്യം മുതല്‍ എല്ലാം കെട്ടി പൊക്കിക്കൊണ്ട് വീണ്ടും പ്ലാറ്റ്‌ ഫോമില്‍ കൂടെ ഒരു യാത്രയോ ?വേണ്ട ഇത്തവണ കമ്പാര്‍ട്ട്‌മെന്റില്‍ കൂടെ കയറി ഇറങ്ങാന്‍ തീരുമാനിച്ചു .
                ഇത് യാത്രയുടെ ആദ്യ നിമിഷങ്ങള്‍
               

         ഈ അനുഭവങ്ങള്‍ രസകരമായിരുന്നു അത് ഇവിടെക്ക് പകര്‍ത്തിയപ്പോള്‍ ,വായിച്ചു നോക്കിയപ്പോള്‍ എനിക്ക് അതില്‍ കുറെ ശൂന്യത അനുഭവപ്പെട്ടു .മനസ്സില്‍ വിരിഞ്ഞത് പകര്‍ത്താന്‍ പറ്റിയില്ലന്നൊരു തോന്നല്‍. എങ്കിലും വീണ്ടും വരും മനസ്സില്‍ ഉണരുന്നത് പങ്കു വക്കാന്‍ ,കൂകി പാഞ്ഞ തീവണ്ടിയിലേക്ക് കണ്ണ് ഒന്ന് എത്തി നോക്കിയത് പറയാന്‍ .....
 

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഒരു മഴയാത്രയില്‍ കണ്‍ തുറന്നു കണ്ട സ്വപ്‌നങ്ങള്‍

                                                        1
           ചൊവ്വാഴ്ച ആണ്,മോള്‍ക്ക് ജലദോഷം ,അല്ലെങ്കില്‍ ഇന്ന് കുശിനിക്കാരന് വരാന്‍ അസൌകര്യമാണ് ... അങ്ങനെ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി മാറ്റി വയ്ക്കപ്പെട്ട യാത്ര ആണിത് .പുറം തോടില്‍ നിന്ന് തല വെളിയിലെക്കിടാന്‍ മടി ,അത് തന്നെ - ഇറങ്ങി പോകാനുള്ള മടി ,ഇറങ്ങിയാല്‍ തിരികെ വന്നു ചേക്കേറാന്‍  മടി .(ഞാന്‍ സ്വയം തീര്‍ത്ത എന്റെ ഹരിത ഗോപുരം) അവസാനം എന്തൊക്കെയോ നിറച്ചു മനപൂര്‍വ്വം ചിലതൊക്കെ മറന്നു യാത്രക്കിറങ്ങി .
                 യാത്ര പോകുമ്പോള്‍  എനിക്കേറെ ഇഷ്ടം മൂടി ക്കെട്ടിയ അന്തരീക്ഷമോ അല്ലെങ്കില്‍ ഒരു ചെറു ചാറ്റല്‍ മഴ ഉള്ളപ്പോഴോ അതുമല്ലെങ്കില്‍ തിരക്ക് കുറഞ്ഞ വഴികളുള്ള രാത്രിയുമാണ് .നാട്ടിലേക്കു ഇത്തവണ അകമ്പടിക്ക് മഴയും കൂട്ടത്തില്‍ കോടമഞ്ഞും ആയിരുന്നു. ഏകാന്ത യാത്ര തന്നെ ആയിരുന്നു ഒരു വിധത്തില്‍ ഇത് .കയറ്റിറക്കങ്ങളിലെ മനംപിരട്ടലുകള്‍ക്ക് മുന്‍കൂറായി നല്‍കിയ ഗ്രവോള്‍ ,"തുള്ളി തുള്ളി തുള്ളി  മഴയായ് വന്താളേ".. സി ഡിയിലെ പാട്ടുകള്‍ രണ്ടാമതും കേള്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും കുട്ടികളില്‍ പ്രയോഗിച്ചു തുടങ്ങിയിരുന്നു .അത് അവരുടെ തലയനക്കങ്ങളിലും ഊര്‍ന്നു വീണ ചളുങ്ങിയ ബബിള്‍ഗത്തിലും തെന്നി നിന്നു. 
        കുട്ടിക്കാനം അടുക്കും മുന്‍പേ മഞ്ഞ്‌ മൂടി. മഴ ആയിരുന്നില്ല മഞ്ഞാണ് പെയ്തു കൊണ്ടിരുന്നത്.മഴ പെയ്തിരുന്നെങ്കില്‍ മഞ്ഞ്‌ കാണുമായിരുന്നില്ല റോഡും എതിരെ വരുന്ന വണ്ടികളും തണുത്ത്‌ കൂനിപ്പിടിച്ചു നില്‍ക്കുന്ന ആളുകളും എല്ലാം ഒരു നിഴല്‍ പോലെ മാത്രം .അടുത്ത് വരുമ്പോള്‍ മാത്രം കണ്ടു പെട്ടന്ന് വെട്ടിച്ചു മാറ്റുന്നു വാഹനങ്ങള്‍ .റോഡില്‍ നിന്ന് നിരങ്ങി വണ്ടി വശങ്ങളിലേക്ക് മാറുമ്പോള്‍ പേടിതോന്നി പെയ്യുന്ന മഞ്ഞിലേക്ക് തല കാണിച്ചു  കൊക്കയുടെ ഇരുണ്ട ആഴം സൂക്ഷിച്ചു നോക്കും ,വെളുത്ത തിരമാലകള്‍ താഴ്വരകളിലാകെ ,കണ്ടാലും കണ്ടാലും കൊതി തീരില്ല .ഒരു സൈഡില്‍ നനഞ്ഞു കറുത്ത സുന്ദരി മലകള്‍ ,ഇടയ്ക്കിടയ്ക്ക് പാല് പോലെ അരുവികള്‍‍.കോടമഞ്ഞിനു പറന്നുപോകാന്‍ ഇടം കൊടുക്കാതെ തടഞ്ഞു നിര്‍ത്തീരിക്കുന്നു ദുഷ്ടത്തികള്‍. 
                   വളഞ്ഞു പുളഞ്ഞു ഒരു പാമ്പിനെ പോലെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിലൂടെ യാത്രചെയ്യാന്‍ അന്നും ഇന്നും എനിക്ക് ഒരു കുഞ്ഞിന്റെ മനസ്സാണ്,ആഹ്ലാദവും .
ചുമന്ന വെട്ടു റോഡിന്റെ ഇങ്ങേ ചരുവില്‍ നിന്ന് അങ്ങ് ദൂരെ പൊടി പറക്കുമ്പോള്‍ അറിയാം അവിടെക്കൊരു വണ്ടി പോയിട്ടുന്ടെന്നോ അവിടുന്നൊരു വണ്ടി നിറയെ കലപില തമിഴ് പറയുന്ന മൂക്കിന്റെ ഇരു വശങ്ങളിലും മൂക്കുത്തി ഇട്ട നല്ല  കറുത്ത സുന്ദരികള്‍ ,ചാക്കുകെട്ടുകളും വേണേല്‍ കള്ളുകുടിച്ചു നാലുകാലില്‍ കിടക്കുന്ന  കെട്ടിയോനെ വരെ തൂക്കി എടുക്കാന്‍ കെല്‍പ്പുള്ള നാട്ടുക്കട്ടകള്‍ ആഴ്ചയിലെ ചന്തക്കു സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ,മുറുക്കി തുപ്പി  മുല്ലപ്പൂ ചൂടിയ പെണ്ണുങ്ങള്‍ . അന്നായിരിക്കും ചിലര്‍ക്ക് പുതിയ സംബന്ധങ്ങള്‍ കിട്ടുന്നത് ,കെട്ടിയോനു ഒരുകുപ്പി ചാരായവും കൊടുത്തു കൂട്ടാകുന്ന പുതിയ സംബന്ധക്കാര്‍ .ലയങ്ങളിലെ പതിവ് രാക്കഴ്ച്ചകള്‍ .പുതുമയേതും അശേഷമില്ല .യുസ്ഡ്  ലൈ‌ഫ്.

                
                                            2
     അങ്ങനെ ഓരോ വളവുകള്‍ക്കൊപ്പവും ഞാനും ആടിയും ഉലഞ്ഞും മുന്നോട്ട് പോകുമ്പോള്‍  ഒരു വളവില്‍ മെഴുകു ഉരുകുന്നമണം .കുറച്ചു നാളെ ആയിട്ടുള്ളൂ അവിടെ മെഴുകുതിരികള്‍ കത്താന്‍ തുടങ്ങിയിട്ട് .വെള്ളി ആഴ്ച കളില്‍ അവിടെ വിശ്വാസികളെ കൊണ്ട് നിറയും .വരുന്നവരില്‍ ഏറെയും പുതുതായി വിശ്വാസം കൊണ്ട വരാണ്  എതിര്‍ വശത്തെ മരത്തില്‍ ചുവന്ന,മഞ്ഞ ,ഓറഞജ് നിറങ്ങളിലുള്ള പട്ടു തുണികളും തൊട്ടിലുകളും  കാണുന്നുണ്ട് .അവിടെ  പട്ടു ചുറ്റാന്‍ പോയിരുന്നവരില്‍ പലരും ഇപ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ പോകുന്നു.ദൈവത്തിനേം അവര്‍ മതം മാറ്റി .ഇപ്പോള്‍ അവരാണ് യഥാര്‍ത്ഥ ഭക്തര്‍ ഏത് നേരവും വേദപുസ്തകവും ദൈവവചനവും പറഞ്ഞു നടക്കും .ശ്വാസം വിടുന്നതും നില്‍ക്കുന്നതും നടക്കുന്നതും ദൈവത്തെ വിളിച്ചു കൊണ്ട് ,എന്തിനു ഏത് നേരവും  സൌര്യംകെടുത്താന്‍ വേണ്ടി.. .മതം മാറുന്നതിനു മുന്നേ ഇവര്‍ ഒരിക്കല്‍ പോലും ഇങ്ങനെ പ്രാര്‍ഥി ച്ചിട്ടുണ്ടാകില്ല .പ്രലോഭനങ്ങള്‍ നിരവധി ആണ് നല്‍കപ്പെടുന്നത് . ഒരു കാര്യവും കൂടി ഉണ്ടെന്നു തോന്നുന്നു,കുളിക്കണം എന്ന നിര്‍ബന്ധവും പിന്നെ മറ്റു പല ആചാരങ്ങളും അനുസരിക്കണ്ടല്ലോ ,കിടക്കപ്പായയില്‍ നിന്ന് തന്നെ എണീറ്റ്‌ പോകാം .
       കുട്ടിക്കാനം മരിയന്‍ കോളേജിലെ പ്രാവുകളും റോഡില്‍ നിറഞ്ഞു തണുപ്പില്‍ കൂനി  കുറുകി പോകുന്നുണ്ട്.താഴേക്ക്‌  ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു ,ആര്‍ത്തു പെയ്യുകയാണ് ഗ്രവില്യ മരങ്ങളും യൂക്കാലിപ്ടസ് ഇവരെല്ലാം നിര്‍ത്താതെ പെയ്യുകയാണ്,കുളിര്‍ന്നു വിറച്ചു തലയും കുമ്പിട്ടു പെയ്യുകയാണ് .അവിടെ  ചരുവില്‍ ഒരു  ബദാം  ,ഹൃതുമതി  ,നിറയെ ചുമന്നു തുടുത്തു ഇലകള്‍. മടിച്ചി ആണ് അത് കൊണ്ടല്ലേ ഒരിലപോലും ഒളിപ്പിക്കാതെ ചേര്‍ന്ന്  പുല്കാതെ നിര്‍വൃതി പൂണ്ട് നിന്ന് പെയ്യുന്നത് .

 കടുത്ത വെയിലില്‍ പോലും സൂര്യനെ കടത്തിവിടാന്‍ മടിക്കുന്ന റബ്ബര്‍ മരങ്ങളും  മഴയില്‍ അലിയുകയാണ് . ആ സുന്ദര ദൃശ്യങ്ങളും മഴയും കോടമഞ്ഞും എന്റെ സ്വപ്നങ്ങളും ഏകാന്തതയും ചിന്തകളും മുണ്ടക്കയം ടൌണിലെ ട്രാഫിക് ബ്ലോക്കില്‍ പെയ്തു തീര്‍ന്നിരുന്നു.     തിരകെ മടക്കത്തിലെ സ്വപ്നങ്ങളിലേക്ക് ഇനി ഒരു രാപ്പകല്‍ വേണം .  
           കൂട്ടിനു മഴയും മഞ്ഞിന്റെ പുതപ്പും.

2011, ജൂൺ 24, വെള്ളിയാഴ്‌ച

ഒരു സ്വപ്നം

                            മഞ്ഞിലലിഞ്ഞു 
              മഞ്ഞും മഴയും പുണര്‍ന്നു നില്‍ക്കുമ്പോള്‍ 
               ഒരു നിമിഷം വെറുതെ ഓര്‍ക്കും ,
               ഒരു പതിനാറുകാരി  ആയിരുന്നെങ്കിലെന്ന്,
             അരികെ കൈയ്യെത്താവുന്ന അകലത്തില്‍ 
                                          മങ്ങിയ നിഴല്‍ ചിത്രതിലെന്നപോലെ;
         കുരുത്ത്  തുടങ്ങുന്ന മീശയുള്ള ഒരു പ്രണയം
                                    അരികിലുണ്ടയിരുന്നെന്കിലെന്നു 
    വീഴാന്‍ തുളുമ്പി നില്‍ക്കുന്ന മഴതുള്ളിയിലൊന്നു  
     എന്റെ കണ്‍ കോണില്‍ ഒന്ന്  ഇറ്റിച്ചിരുന്നെങ്കില്‍ 
            അപ്പോള്‍ അവന്റെ ചുടു നിശ്വാസം എന്റെ കവിളില്‍ പെട്ടെങ്കിലെന്നു 
  കാറ്റില്‍ പറന്നു പൊങ്ങുന്ന അപ്പൂപ്പന്‍ താടി പിടിക്കാന്‍ ഓടുമ്പോള്‍ 
                 കൈകള്‍ തമ്മിലൊന്നു കോര്‍ത്തെങ്കിലെന്നു 

     കണ്ണടച്ച് തേവരെ തൊഴുംപോള്‍ ചന്ദന തണുപ്പുള്ള വിരല്‍ 
                                നെറുകയില്‍ തൊട്ടെങ്കിലെന്നു                    
      കുളിച്ചീറനായി തുളസി ക്കതിര്‍ മുടിയില്‍ ചൂടുമ്പോള്‍ വെറുതെ ഓര്‍ക്കും
                   കാച്ചെണ്ണ മണം നുകരനായി മുടിയില്‍ മുഖം പൂഴ്ത്തിയെങ്കില്‍ 
                   പിന്‍കഴുത്തില്‍ ഒരു ചുടു ചുംബനം നല്‍കിയിരുന്നെങ്കില്‍ 
                              ഒന്ന് പൂണ്ടടക്കം പുണര്‍ന്നെങ്കില്‍ 
                    അധരതിലൊരു ചെറു നീറ്റല്‍ ഉണര്‍ത്തിയെങ്കിലെന്നു 
                                               ഒരു നിമിഷം 
                              ഒരു നിമിഷം വെറുതെ ഓര്‍ക്കും.

2011, ജൂൺ 15, ബുധനാഴ്‌ച

വെറുതെ മനസ്സ്



വെയിലിനു ഇപ്പോഴും തണുപ്പാണ് .
മഞ്ഞ്,കനത്ത കോടമഞ്ഞ്‌ വെയിലിനെ കടത്തി വിടാന്‍ മടിക്കുന്നു .
ചുമപ്പും മഞ്ഞയും പൂക്കളുള്ള ഉള്ളി ചെടികളില്‍ നിറയെ മഞ്ഞ് തുള്ളികള്‍ .
പുതു ജന്മത്തിന്റെ സന്തോഷം പോലെ  
അവ തിളങ്ങുകയാണ് 

നിമിഷങ്ങളുടെ ആയുസ്സ് ..

പകലിന്റെ കാരുണ്യത്തിലാണ്  അവളുടെ ജീവന്‍ 

മഞ്ഞ് തുള്ളികള്‍ വെയിലിന്റെ യൌവ്വനത്തില്‍ തളര്‍ന്നു തുടങ്ങി,

നേര്‍ത്ത് നേര്‍ത്ത് ഒരു തേങ്ങല്‍ പോലുമില്ലാതെ ,
ഉണ്ടായിരുന്നു എന്നതിന്റെ ഒരു നേരിയ അടയാളം ബാക്കി വച്ച് കൊണ്ട്.....
തുടിച്ചു വിളങ്ങും തുഷാരത്തിനു അറിയില്ല 
തീരുവാന്‍ പോകുന്നു ജീവിതം എന്ന് ........ 
 രാത്രി തോര്‍ന്ന മഴയില്‍ പുനര്‍ജ്ജനിച്ച ശലഭങ്ങള്‍ ,ആകാശത്തോളം പൊങ്ങി പറക്കാന്‍ ,അതിരുകള്‍ താണ്ടി ,നിമിഷങ്ങളില്‍ ചിറകുകള്‍ പൊഴിഞ്ഞ്‌.....
നനഞ്ഞ ശലഭ ചിറകുകള്‍ അവിടവിടെ പതിഞ്ഞു കിടക്കുന്നു,ചിലവ പറന്നും നടക്കുന്നു 
ചിറകുകള്‍ നഷ്ടമായ ജീവന്‍ എങ്ങോട്ടെന്നില്ലാതെ പായുന്നു ,ആ ജീവനെതിന്നാന്‍ മറ്റുള്ള ജീവനുകള്‍ ,അതി ജീവനത്തിന്റെ നെട്ടോട്ടം 
നിശാ ശലഭങ്ങളുടെ പൊഴിഞ്ഞ്‌ വീണ
ചിറകുകളാണ് എനിക്കിന്ന് സൌഹൃദങ്ങള്‍ ,
അതില്‍, പാതിയില്‍ കൂടുതലുംകാറ്റില്‍ പൊങ്ങി- പറക്കുവാനകാതെ നനഞ്ഞു പോയി ,
മറ്റുള്ളവ ചീഞ്ഞു നാറുകയും ....

2011, ജൂൺ 14, ചൊവ്വാഴ്ച

പറവകള്‍

  
ജീവിതം കൊണ്ട് ഒരു പ്രയോജനവും തനിക്കും ആര്‍ക്കും ഇല്ലെന്നു തോന്നുമ്പോള്‍ എന്ത് ചെയ്യണം?.ആശകളും കാമനകളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ കുറെ നാളാകുമ്പോള്‍ മരവിച്ചു പോകുന്ന മനസ്സ് ,തന്നോട്‌ തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുക,സ്വയം സംസാരിക്കുക .മറ്റൊരു ജീവന്റെ സാമീപ്യം ഉണ്ടാവതിരിക്കുക .ജീവിതം ഉന്മാദാവസ്ഥയിലെതുക .

 

ജീവിക്കുവാന്‍ കാരണങ്ങള്‍ വേണം,മരിക്കുവാനും .ഒന്നുകില്‍ സ്നേഹിക്കുക ജീവിതത്തെ അല്ലെങ്കില്‍ കഠിനമായി വെറുക്കുക.ജീവിച്ചു തീര്‍ത്ത നാളുകളില്‍ ഒരു പ്രയോജനവും കിട്ടുകയും നല്‍കുകയും ചെയ്തില്ലെങ്കില്‍ വെറുക്കുക ,നിര്‍ലോഭം .കേള്‍ക്കുവാന്‍  ഒരു കാതും കാണുവാന്‍ ഒരു കണ്ണും ചായുവാന്‍ ഒരു ചുമലും വേണം .പറയുന്നത് കേള്‍ക്കാന്‍ ആളില്ലാതാവുക,വാടിയ മുഖം , തുറക്കാത്ത മനസ്സ് ,ഇവയില്‍ ഒരു മഞ്ഞു സ്പര്‍ശം നല്‍കുക 

 
        ഞാന്‍ എന്ന ജീവി ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ എന്താണ് ചെയ്യേണ്ടത്?ചെടികള്‍ക്ക് നനക്കുകയോ,പാട്ടു പാടുകയോ കസേര മറിചിടുകയോ ചെയ്യാം ,അതുമല്ലെങ്കില്‍ ഉച്ചത്തില്‍    അലറാം 


    എന്റെ പേര് കേട്ടിട്ട് തന്നെ കാലങ്ങളായി,മറന്നു പോയിരിക്കുന്നു ഞാന്‍ തന്നെ .എന്നെ തന്നെയും ..പലപ്പോഴും പരിചയക്കാര്‍ വീട്ടില്‍ വിരുന്നിനു വരുമ്പോള്‍ പരിചയപ്പെടുത്തുന്ന വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചേര്‍ക്കുന്ന മങ്ങിയ വികൃത ഉച്ചാരണം,ആ പേരിന്റെ ഭംഗി തന്നെ നഷ്ടപ്പെടുത്തി .ഒരു നിഴലുപോലെ പിന്തുടരുന്ന എന്റെ അന്തര്‍മുഖത്വം സമയത്തിനനുസരിച്ച് നീളുകയും കുറുകുകയും ....
സമയം വേണ്ടുവോളം ,സായാഹ്നം  നിഴലുപോലെ നീണ്ടു കിടക്കുന്നു .പകലിനു തന്നെ നിരാശ ,രാത്രിക്ക് അതിലേറെ
അത്രയ്ക്ക് അറിഞ്ഞു കഴിഞ്ഞു പകലിന്റെ ഓരോ നിമിഷ തുടിപ്പുകളും രാത്രിയുടെ മുരടനക്കങ്ങളും ശ്വാസ നിശ്വാസങ്ങളും ...