2011, ജൂൺ 24, വെള്ളിയാഴ്‌ച

ഒരു സ്വപ്നം

                            മഞ്ഞിലലിഞ്ഞു 
              മഞ്ഞും മഴയും പുണര്‍ന്നു നില്‍ക്കുമ്പോള്‍ 
               ഒരു നിമിഷം വെറുതെ ഓര്‍ക്കും ,
               ഒരു പതിനാറുകാരി  ആയിരുന്നെങ്കിലെന്ന്,
             അരികെ കൈയ്യെത്താവുന്ന അകലത്തില്‍ 
                                          മങ്ങിയ നിഴല്‍ ചിത്രതിലെന്നപോലെ;
         കുരുത്ത്  തുടങ്ങുന്ന മീശയുള്ള ഒരു പ്രണയം
                                    അരികിലുണ്ടയിരുന്നെന്കിലെന്നു 
    വീഴാന്‍ തുളുമ്പി നില്‍ക്കുന്ന മഴതുള്ളിയിലൊന്നു  
     എന്റെ കണ്‍ കോണില്‍ ഒന്ന്  ഇറ്റിച്ചിരുന്നെങ്കില്‍ 
            അപ്പോള്‍ അവന്റെ ചുടു നിശ്വാസം എന്റെ കവിളില്‍ പെട്ടെങ്കിലെന്നു 
  കാറ്റില്‍ പറന്നു പൊങ്ങുന്ന അപ്പൂപ്പന്‍ താടി പിടിക്കാന്‍ ഓടുമ്പോള്‍ 
                 കൈകള്‍ തമ്മിലൊന്നു കോര്‍ത്തെങ്കിലെന്നു 

     കണ്ണടച്ച് തേവരെ തൊഴുംപോള്‍ ചന്ദന തണുപ്പുള്ള വിരല്‍ 
                                നെറുകയില്‍ തൊട്ടെങ്കിലെന്നു                    
      കുളിച്ചീറനായി തുളസി ക്കതിര്‍ മുടിയില്‍ ചൂടുമ്പോള്‍ വെറുതെ ഓര്‍ക്കും
                   കാച്ചെണ്ണ മണം നുകരനായി മുടിയില്‍ മുഖം പൂഴ്ത്തിയെങ്കില്‍ 
                   പിന്‍കഴുത്തില്‍ ഒരു ചുടു ചുംബനം നല്‍കിയിരുന്നെങ്കില്‍ 
                              ഒന്ന് പൂണ്ടടക്കം പുണര്‍ന്നെങ്കില്‍ 
                    അധരതിലൊരു ചെറു നീറ്റല്‍ ഉണര്‍ത്തിയെങ്കിലെന്നു 
                                               ഒരു നിമിഷം 
                              ഒരു നിമിഷം വെറുതെ ഓര്‍ക്കും.

2011, ജൂൺ 15, ബുധനാഴ്‌ച

വെറുതെ മനസ്സ്



വെയിലിനു ഇപ്പോഴും തണുപ്പാണ് .
മഞ്ഞ്,കനത്ത കോടമഞ്ഞ്‌ വെയിലിനെ കടത്തി വിടാന്‍ മടിക്കുന്നു .
ചുമപ്പും മഞ്ഞയും പൂക്കളുള്ള ഉള്ളി ചെടികളില്‍ നിറയെ മഞ്ഞ് തുള്ളികള്‍ .
പുതു ജന്മത്തിന്റെ സന്തോഷം പോലെ  
അവ തിളങ്ങുകയാണ് 

നിമിഷങ്ങളുടെ ആയുസ്സ് ..

പകലിന്റെ കാരുണ്യത്തിലാണ്  അവളുടെ ജീവന്‍ 

മഞ്ഞ് തുള്ളികള്‍ വെയിലിന്റെ യൌവ്വനത്തില്‍ തളര്‍ന്നു തുടങ്ങി,

നേര്‍ത്ത് നേര്‍ത്ത് ഒരു തേങ്ങല്‍ പോലുമില്ലാതെ ,
ഉണ്ടായിരുന്നു എന്നതിന്റെ ഒരു നേരിയ അടയാളം ബാക്കി വച്ച് കൊണ്ട്.....
തുടിച്ചു വിളങ്ങും തുഷാരത്തിനു അറിയില്ല 
തീരുവാന്‍ പോകുന്നു ജീവിതം എന്ന് ........ 
 രാത്രി തോര്‍ന്ന മഴയില്‍ പുനര്‍ജ്ജനിച്ച ശലഭങ്ങള്‍ ,ആകാശത്തോളം പൊങ്ങി പറക്കാന്‍ ,അതിരുകള്‍ താണ്ടി ,നിമിഷങ്ങളില്‍ ചിറകുകള്‍ പൊഴിഞ്ഞ്‌.....
നനഞ്ഞ ശലഭ ചിറകുകള്‍ അവിടവിടെ പതിഞ്ഞു കിടക്കുന്നു,ചിലവ പറന്നും നടക്കുന്നു 
ചിറകുകള്‍ നഷ്ടമായ ജീവന്‍ എങ്ങോട്ടെന്നില്ലാതെ പായുന്നു ,ആ ജീവനെതിന്നാന്‍ മറ്റുള്ള ജീവനുകള്‍ ,അതി ജീവനത്തിന്റെ നെട്ടോട്ടം 
നിശാ ശലഭങ്ങളുടെ പൊഴിഞ്ഞ്‌ വീണ
ചിറകുകളാണ് എനിക്കിന്ന് സൌഹൃദങ്ങള്‍ ,
അതില്‍, പാതിയില്‍ കൂടുതലുംകാറ്റില്‍ പൊങ്ങി- പറക്കുവാനകാതെ നനഞ്ഞു പോയി ,
മറ്റുള്ളവ ചീഞ്ഞു നാറുകയും ....

2011, ജൂൺ 14, ചൊവ്വാഴ്ച

പറവകള്‍

  
ജീവിതം കൊണ്ട് ഒരു പ്രയോജനവും തനിക്കും ആര്‍ക്കും ഇല്ലെന്നു തോന്നുമ്പോള്‍ എന്ത് ചെയ്യണം?.ആശകളും കാമനകളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ കുറെ നാളാകുമ്പോള്‍ മരവിച്ചു പോകുന്ന മനസ്സ് ,തന്നോട്‌ തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുക,സ്വയം സംസാരിക്കുക .മറ്റൊരു ജീവന്റെ സാമീപ്യം ഉണ്ടാവതിരിക്കുക .ജീവിതം ഉന്മാദാവസ്ഥയിലെതുക .

 

ജീവിക്കുവാന്‍ കാരണങ്ങള്‍ വേണം,മരിക്കുവാനും .ഒന്നുകില്‍ സ്നേഹിക്കുക ജീവിതത്തെ അല്ലെങ്കില്‍ കഠിനമായി വെറുക്കുക.ജീവിച്ചു തീര്‍ത്ത നാളുകളില്‍ ഒരു പ്രയോജനവും കിട്ടുകയും നല്‍കുകയും ചെയ്തില്ലെങ്കില്‍ വെറുക്കുക ,നിര്‍ലോഭം .കേള്‍ക്കുവാന്‍  ഒരു കാതും കാണുവാന്‍ ഒരു കണ്ണും ചായുവാന്‍ ഒരു ചുമലും വേണം .പറയുന്നത് കേള്‍ക്കാന്‍ ആളില്ലാതാവുക,വാടിയ മുഖം , തുറക്കാത്ത മനസ്സ് ,ഇവയില്‍ ഒരു മഞ്ഞു സ്പര്‍ശം നല്‍കുക 

 
        ഞാന്‍ എന്ന ജീവി ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ എന്താണ് ചെയ്യേണ്ടത്?ചെടികള്‍ക്ക് നനക്കുകയോ,പാട്ടു പാടുകയോ കസേര മറിചിടുകയോ ചെയ്യാം ,അതുമല്ലെങ്കില്‍ ഉച്ചത്തില്‍    അലറാം 


    എന്റെ പേര് കേട്ടിട്ട് തന്നെ കാലങ്ങളായി,മറന്നു പോയിരിക്കുന്നു ഞാന്‍ തന്നെ .എന്നെ തന്നെയും ..പലപ്പോഴും പരിചയക്കാര്‍ വീട്ടില്‍ വിരുന്നിനു വരുമ്പോള്‍ പരിചയപ്പെടുത്തുന്ന വാചകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചേര്‍ക്കുന്ന മങ്ങിയ വികൃത ഉച്ചാരണം,ആ പേരിന്റെ ഭംഗി തന്നെ നഷ്ടപ്പെടുത്തി .ഒരു നിഴലുപോലെ പിന്തുടരുന്ന എന്റെ അന്തര്‍മുഖത്വം സമയത്തിനനുസരിച്ച് നീളുകയും കുറുകുകയും ....
സമയം വേണ്ടുവോളം ,സായാഹ്നം  നിഴലുപോലെ നീണ്ടു കിടക്കുന്നു .പകലിനു തന്നെ നിരാശ ,രാത്രിക്ക് അതിലേറെ
അത്രയ്ക്ക് അറിഞ്ഞു കഴിഞ്ഞു പകലിന്റെ ഓരോ നിമിഷ തുടിപ്പുകളും രാത്രിയുടെ മുരടനക്കങ്ങളും ശ്വാസ നിശ്വാസങ്ങളും ...

2011, ജൂൺ 13, തിങ്കളാഴ്‌ച

തനിയെ ഞാന്‍

        
      തനിച്ചാകുന്ന മനസ്സില്‍ എങ്ങുനിന്നോ ചേക്കേറുന്ന ചിന്തകള്‍ തൂക്കണാം കൂട് കെട്ടും.നിറയെ ചിന്തയുടെ നാരുകള്‍ കൊണ്ട്‌. കൂടുകൂട്ടി ഇണയെ കൂട്ടാതെ നിഴലുകള്‍ക്കിടയില്‍ ഊളിയിട്ടു പറന്നു നടക്കും ആ ഒറ്റ മനസ്സ്.
     

                             തുള്ളി പൊഴിയുന്ന മഞ്ഞില്‍ ചിറകുകള്‍ വീശി എറിഞ്ഞു തണുത്ത ശ്വാസം നിറയ്ക്കുമ്പോള്‍ മഞ്ഞിനും മനസ്സിനും ഒരേ ഭാവം .ഒരിക്കലും മടുക്കാത്ത വികാരം, തനിയെ ...

           
                           എന്റെ  തനിച്ചായ മനസ്സിന്റെ ഒരു പതിപ്പ് ,എന്റെ ചിന്തകള്‍ ,സ്വപ്‌നങ്ങള്‍ ,ആശകള്‍ ,നിരാശകള്‍ ...


നിരാശകളും സ്വപ്നങ്ങളും ആവും കൂടുതലും ,ഭാവനകളുടെ ലോകത്തിലേക്ക്‌ യാത്രതിരിക്കുന്ന മനസ്സിന്റെ വേഗത ചിലപ്പോള്‍ അപൂര്‍ണവും ..

                
                   ഒരു  ശര റാന്തലിന്‍  വെട്ടം കൊണ്ട്‌ എന്റെ മനസ്സ്   ഇവിടെ കൊളുത്തി ഇടാം .